പുതുച്ചേരി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പുതുച്ചേരിയിൽ എത്തിയതാണ് രാഹുൽ ഗാന്ധി. ഇതിനിടയിലാണ് വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിന് പുതുച്ചേരി ഭാരതിദാസൻ വനിത ഗവൺമെന്റ് കോളേജിൽ എത്തിയത്. നിറഞ്ഞ കൈയടികളോടെ ആയിരുന്നു കാമ്പസ് രാഹുൽ ഗാന്ധിയെ വരവേറ്റത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ പക്കൽ നിന്നും ഒരു വിദ്യാർത്ഥിനി ഓട്ടോഗ്രാഫ് വാങ്ങുന്നതും അതിനു ശേഷം ഉണ്ടായ നാടകീയ മുഹൂർത്തങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കുട്ടികളുമായുള്ള സംവാദത്തിന് മുമ്പായി അവർക്ക് പ്രത്യേക നിർദ്ദേശം നൽകാനും രാഹുൽ ഗാന്ധി മറന്നില്ല. തന്നെ സാർ എന്ന് അഭിസംബോധന ചെയ്യരുതെന്നും രാഹുൽ എന്ന് വിളിച്ചാൽ മതിയെന്നും ആയിരുന്നു രാഹുൽ ഗാന്ധി വിദ്യാർത്ഥിനികൾക്ക് നൽകിയ നിർദ്ദേശം. എന്നാൽ 'രാഹുൽ അണ്ണാ' (അണ്ണാ എന്ന തമിഴ് വാക്കിന് മൂത്ത സഹോദരൻ എന്നാണ് അർത്ഥം) എന്നാണ് വിദ്യാർത്ഥിനികൾ അദ്ദേഹത്തെ അഭിസംബോധന ചെയ്തത്.
വിദ്യാർത്ഥിനികളുമായ വളരെ മികച്ച രീതിയിലാണ് അദ്ദേഹം സംവാദം നടത്തിയത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ കൈയിൽ നിന്ന് ഒരു ഓട്ടോഗ്രാഫ് വാങ്ങാൻ എത്തിയ പെൺകുട്ടി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. വേദിയിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയോട് വേദിക്ക് താഴെയെത്തിയ വിദ്യാർത്ഥിനി ഓട്ടോഗ്രാഫ് അഭ്യർത്ഥിക്കുകയായിരുന്നു. കുനിഞ്ഞു നിന്നാണ് രാഹുൽ ഗാന്ധി ഓട്ടോഗ്രാഫ് കുറിച്ചത്. തുടർന്ന് ഓട്ടോഗ്രാഫ് വിദ്യാർത്ഥിനിക്ക് കൈമാറി. ഒപ്പം, ഹസ്തദാനവും നൽകി.
Interaction with Students at Bharathidasan College for Women, Puducherry@RahulGandhi#RahulGandhiWithPuducherry pic.twitter.com/v2cTBpRAH4
— PC Vishnunadh (@PCvishnunadh) February 17, 2021
രാഹുൽ ഗാന്ധിയിൽ നിന്ന് ഹസ്തദാനം ലഭിച്ചതോടെ വിദ്യാർത്ഥിനിയുടെ സന്തോഷം ഇരട്ടിയായി. അവർ ആനന്ദം കൊണ്ട് തുള്ളിച്ചാടി. ഇതോടെ രാഹുൽ ഗാന്ധി വേദിയിൽ മുട്ടുകുത്തി ഇരുന്ന് വേദിക്ക് താഴെ നിന്ന വിദ്യാർത്ഥിനിയെ ആലിംഗനം ചെയ്ത്. വൻ ആർപ്പു വിളികളോടെയും കരഘോഷത്തോടെയും ആയിരുന്നു സദസ് ഈ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. വിദ്യാർത്ഥിനിയെ ആലിംഗനം ചെയ്ത രാഹുൽ ഗാന്ധി അവരെ ക്യാമറ ചൂണ്ടിക്കാണിക്കുന്നതും കാണാം. അപ്പോൾ വിദ്യാർത്ഥിനി സന്തോഷം കൊണ്ട് കരയുന്നതും കാണാം. അതിനു ശേഷം എഴുന്നേറ്റ രാഹുൽ വിദ്യാർത്ഥിനിയുടെ മുഖത്ത് വാത്സല്യത്തോടെ ആശ്ലേഷിക്കുന്നതു കാണാവുന്നതാണ്. ആ സമയത്ത് രാഹുൽ ഗാന്ധിയുടെ കൈകളിൽ സന്തോഷം കൊണ്ട് നിറഞ്ഞ പെൺകുട്ടി മുത്തം നൽകുന്നതും വീഡിയോയിൽ ദൃശ്യമാണ്.
സോഷ്യൽ മീഡിയയിൽ ഇതിനകം വീഡിയോ തരംഗമായി കഴിഞ്ഞു.
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി നിരവധി കാര്യങ്ങൾ അവരോട് പറഞ്ഞു. 'ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കുകയാണെങ്കിൽ, നിങ്ങൾക്ക് നൽകാനുള്ളത് ആരെങ്കിലും നൽകുന്നില്ലെങ്കിൽ, നിങ്ങൾ അവരെ അഭിമുഖീകരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യണം'. പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചപ്പോൾ 'എനിക്ക് ഇത് ഇഷ്ടമല്ല' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. അതേസമയം, രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. പിതാവായ രാജീവ് ഗാന്ധിയുടെ കൊലപാതകം തന്നെ വേദനിപ്പിച്ചുവെങ്കിലും അതിന് ഉത്തരവാദികൾ ആയ ആളുകളോട് തനിക്ക് ദേഷ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.