കൊച്ചി: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ നിയമ നിർമ്മാണം നീളുന്നതിൽ അതൃപ്തി പരസ്യമാക്കി യാക്കോബായ സഭ. നിയമ നിർമ്മാണം വേണമെന്ന ആവശ്യത്തെ സർക്കാർ ആദ്യ ഘട്ടത്തിൽ പിന്തുണച്ചെങ്കിലും അതിൽ മുന്നോട്ട് പോക്ക് ഉണ്ടായില്ല. മാത്രമല്ല, ഇരു സഭകളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തിയിരുന്ന സമവായ ചർച്ചകളും അവസാനിച്ചമട്ടാണ്. സംസ്ഥാനം തെരഞ്ഞെടുപ്പിന് മുന്നിൽ നിൽക്കെ ഇനിയൊട്ട് അത്ഭുതങ്ങൾ സഭാ നേതൃത്വം പ്രതീക്ഷിക്കുന്നതുമില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന് പരോക്ഷ മുന്നറിയിപ്പുമായി യാക്കോബായ സഭയുടെ പുതിയ നീക്കം.
നിലവിലെ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും പ്രത്യേക ആഭിമുഖ്യമില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിരിക്കയാണ്. നിയമനിര്‍മാണം എന്ന ആവശ്യം പരിഗണിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്ന സാഹചര്യത്തില്‍ തല്ക്കാലം ഒരു മുന്നണിക്കും പരസ്യ പിന്തുണ നല്‍കേണ്ടതില്ലെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. അതേ സമയം സഭ നേതൃസമിതികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. യുഡിഫ് നേതാക്കൾ സഭാ നേതൃത്വവുമായി ചർച്ചകൾ നടത്തി ഏറെ ദിവസങ്ങൾ കഴിയും മുൻപാണ് പുതിയ നിലപാട് എന്നതും ശ്രദ്ധേയമാണ്.
മലങ്കര സഭാ പള്ളിത്തര്‍ക്കം, സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരം, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യാക്കോബായ സഭ അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. മലങ്കര സഭ തര്‍ക്കം പരിഹരിക്കുന്നതില്‍ തീരുമാനം ഉണ്ടാകാത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മെത്രാപൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളികൾ പിടിച്ചെടുക്കുന്നത് തുടർന്നപ്പോഴാണ് യാക്കോബായ സമരം സജീവമാക്കിയത്. ഈ സമരത്തിന് സർക്കാർ പരോക്ഷ പിന്തുണ നൽകുന്നതായി ഓർത്തഡോക്സ് പക്ഷവും ആരോപിച്ചിരുന്നു. എന്നാൽ നിയമ നിർമ്മാണം അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ മുന്നോട്ട് പോയില്ല.
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നം പരിഹരിക്കാം എന്ന് വാഗ്ദാനം നല്‍കിയെങ്കിലും വ്യക്തമായ ധാരണകള്‍ ഉണ്ടായിട്ടില്ലെന്ന് സഭാ പ്രതിനിധികള്‍ പറഞ്ഞു. വ്യക്തമായ ഉറപ്പുകൾ നൽകുന്നവർക്ക് വോട്ട് നൽകാനാണ് തീരുമാനം. സഭയ്ക്ക് നിര്‍ണായക സ്വാധീനമുളള കുന്നത്തുനാട് അടക്കമുള്ള മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും പുറത്തുള്ള കക്ഷികളുമായി കൈകോര്‍ക്കുന്നതിനെ പറ്റിയും നേതൃത്വം ആലോചനകള്‍ നടത്തുന്നുണ്ട്.