കൽപ്പറ്റ: സ്വന്തം വീട്ടിൽനിന്ന് 16 പവൻ സ്വർണാഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് പരാതി നൽകിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ കൽപ്പറ്റ നഗരത്തിൽ കണ്ടെത്തിയ ഷാഫിയെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത് കമ്പളക്കാട് പോലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും അഞ്ച് പവനോളം സ്വർണവും സ്വർണം വിറ്റ് വാങ്ങിയ ലാപ്പ്ടോപ്പ്, ക്യാമറ, മൊബൈൽ എന്നിവ കണ്ടെടുത്തു. ബാക്കി സ്വർണം സംസ്ഥാനത്തിന് പുറത്തും മറ്റുമായി വിൽപ്പന നടത്തിയതായാണ് വിവരം.
കമ്പളക്കാട് കവർച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.