ധര്‍മടത്ത് പിണറായിക്കെതിരെ മത്സരത്തിനില്ല: നിലപാട് വ്യക്തമാക്കി- കെ സുധാകരൻ


കണ്ണൂര്‍: ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ എം പി. കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.

ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പകരം ധര്‍മടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറയുകയുണ്ടായി. പിന്നാലെ തനിക്ക് കൂടിയാലോചനകള്‍ നടത്താന്‍ ഒരു മണിക്കൂര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധാകരനും അറിയിച്ചു.

ധര്‍മടത്ത് കഴിഞ്ഞ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെ ആരെ മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വം കോണ്‍ഗ്രസില്‍ ഇപ്പോഴും തുടരുകയാണ്.ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ തീരുമാനം. ചര്‍ച്ചകള്‍ തന്റെ നേരെ വന്നപ്പോള്‍ സുധാകരന്‍ തന്നെയാണ് രഘുനാഥിനെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ ചര്‍ച്ച വീണ്ടും സുധാകരനിലേക്കെത്തുകയായിരുന്നു.

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മടത്ത് മത്സരിക്കുമെന്ന് അറിയച്ചതോടെ അവരെ പിന്തുണയ്ക്കുമെന്ന സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങി. കെപിസിസി അധ്യക്ഷനും ആ നിലക്ക് പ്രസ്താവനയിറക്കി. പക്ഷേ രണ്ടുദിവസമായിട്ടും തീരുമാനമൊന്നുമായില്ല.

സ്ഥാനാര്‍ഥിയെ തീരുമാനിക്കാത്ത സാഹചര്യത്തില്‍ ധര്‍മടം മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തി. കെ.സുധാകരന്‍തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലം കമ്മിറ്റി നേതാക്കള്‍ അദ്ദേഹത്തെ കാണുകയുംചെയ്തു. പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു. ബുധനാഴ്ച രാത്രിയോടെ കെ.സുധാകരന്‍തന്നെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ഉയര്‍ന്നത്. സുധാകന്‍ മത്സരിക്കുന്നതിനായി ഹൈക്കമാന്‍ഡും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രംഗത്തിറങ്ങുന്ന രണ്ടാമത്തെ ലോക്‌സഭാ അംഗമായി കെ.സുധാകരന്‍. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് നേരത്തെ കെ.മുരളീധരന്‍ എംപിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭനാണ് ധര്‍മടത്ത് ബിജെപിയുടെ സ്ഥാനാര്‍ഥി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക