ആപ്പിളിന്റെ ഐഒഎസ് 14.5 എത്തിആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയ്ക്ക് പുതുക്കിയ 14.5 വേര്‍ഷന്‍ അവതരിപ്പിച്ചു. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ അപ്‌ഡേറ്റുകളില്‍ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. പുതുക്കിയ ഒഎസില്‍ ആപ്പുകള്‍ക്ക് ഫോണിലും ഐപാഡിലും നടക്കുന്ന ഇന്റര്‍നെറ്റ് ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ ഉപയോക്താവിനോട് സമ്മതം വാങ്ങണമെന്നാണ് ആപ്പിള്‍ പറയുന്നത്. പകുതിയിലേറെ ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ തങ്ങളെ ഇത്തരത്തില്‍ ട്രാക്കുചെയ്യാന്‍ അനുവദിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. 

അതേസമയം, ആപ്പിളിന്റെ ഈ നീക്കം ചെറുകിട ബിസിനസുകാര്‍ക്കും മറ്റും വന്‍തിരിച്ചടി സമ്മാനിക്കുമെന്ന് ഫെയ്‌സ്ബുക് വാദിക്കുന്നു. ഇക്കാര്യത്തില്‍ ഇരു കമ്പനികളും തുറന്ന പോരു തന്നെ നടത്തിയിരുന്നു. ഫെയ്‌സ്ബുക് തങ്ങള്‍ക്കു പരസ്യം തരുന്ന ചെറുകിട കമ്പനികള്‍ക്കു വേണ്ടിയെന്ന് പറഞ്ഞ് അമേരിക്കയില്‍ മുഴുവന്‍ പേജ് പത്ര പരസ്യങ്ങള്‍ പോലും നല്‍കിയിരുന്നു. അതേസമയം, ഇത് ചെറുകിട കച്ചവടക്കാരെ ബാധിക്കില്ല. ഒരാള്‍ ഒരു സാധനം വാങ്ങുന്നുണ്ടെങ്കില്‍ അത് ഫെയ്‌സ്ബുക്കിലെ പരസ്യം കണ്ടിട്ടല്ല, മറിച്ച് അയാളുടെ കൈയ്യില്‍ പണമുള്ളതുകൊണ്ടാണ്. അതിനാല്‍ വാങ്ങാനിരിക്കുന്ന സാധനങ്ങള്‍ എങ്ങനെ വന്നാലും വാങ്ങുമെന്നു വാദിക്കുന്നവരും ഉണ്ട്.

ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തര ട്രാക്കിങ് വഴി അറിഞ്ഞ് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നു എന്നൊരു ആരോപണം ആദ്യകാലം തന്നെയുണ്ട്. ഇത് ഉപയോക്താവിന്റെ സ്വഭാവം ആഴത്തില്‍ അറിഞ്ഞ് ഉചിതമായ പരസ്യം കാണിക്കാനാണ് എന്നാണ് വയ്പ്. എന്നാല്‍, ഇങ്ങനെ സൃഷ്ടിക്കുന്ന പ്രൊഫൈലുകള്‍ ഇരു കമ്പനികളും നശിപ്പിക്കുന്നില്ലെന്ന ആരോപണവും ഉണ്ട്. എന്തായാലും ആപ്പിളിന്റെ നടപടി ഇതിനൊരു പുതിയ മാനം കൊണ്ടുവന്നേക്കും. തങ്ങളുടെ ഉപയോക്താക്കളെ അവരറിയാതെ ട്രാക്കു ചെയ്യേണ്ട. ട്രാക്കു ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ അനുമതി നേരിട്ടു ചോദിച്ചുവാങ്ങിയ ശേഷം ചെയ്യൂ എന്നാണ് ആപ്പിള്‍ വാദിക്കുന്നത്. ഇത് എങ്ങനെയായിരിക്കും മൊബൈല്‍ പരസ്യരംഗത്തെ ബാധിക്കുക എന്ന് കണ്ടറിയേണ്ട കാര്യമാണ്. സ്വകാര്യതയ്ക്കു പുറമെ നിരവധി പുതിയ ഫീച്ചറുകളും ഐഒഎസ്/ഐപാഡ് ഒഎസ് 14.5 ല്‍ എത്തുന്നു. ഐഫോണ്‍ 6എസ് മുതല്‍ മുൻപോട്ടുളള മോഡലുകള്‍ക്കും ഐപാഡ് എയര്‍ 2 മുതല്‍ മുൻപോട്ടുള്ള മോഡലുകള്‍ക്കുമായിരിക്കും പുതിയ അപ്‌ഡേറ്റ് സ്വീകരിക്കാനാകുക.

∙ ഐഒഎസ് 14.5

ഈ നിര്‍ണായക അപ്‌ഡേറ്റ് ഇപ്പോള്‍ ലോകമെമ്പാടും ലഭ്യമാക്കി കഴിഞ്ഞിരിക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ വാച്ച് ഉപയോഗിച്ച് ഫെയ്‌സ്‌ ഐഡിയുള്ള ഐഫോണുകള്‍ അണ്‍ലോക്ക് ചെയ്യുക, പുതിയ ബ്ലൂടൂത്ത് ഉപകരണമായ എയര്‍ടാഗ് സപ്പോര്‍ട്ട്, സിറി വോയിസ് അസിസ്റ്റന്റിന്റെ ശബ്ദം മാറ്റുക, ഗെയിം കണ്ട്രോളര്‍ സപ്പോര്‍ട്ട്, പുതിയ ഇമോജി ക്യാരക്ടറുകള്‍, ഫിറ്റ്നസ് പ്ലസിന് എയര്‍പ്ലേ സപ്പോര്‍ട്ട്, മൊത്തത്തില്‍ മാറ്റംവരുത്തിയ പോഡ്കാസ്റ്റ് ആപ് തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.

∙ ഐപാഡ് ഒഎസ് 14.5

പുതിയ ഇമോജികള്‍ അടക്കം മുകളില്‍ പറഞ്ഞ പല ഫീച്ചറുകളും ഐപാഡുകള്‍ക്കും കിട്ടും. സ്മാര്‍ട് ഫോളിയോ സുരക്ഷാ ഓപ്ഷനാണ് പുതിയ ഐപാഡ് ഫീച്ചറുകളിലൊന്ന്. ഇനി സ്മാര്‍ട് ഫോളിയോ അടയ്ക്കുമ്പോള്‍ ഐപാഡുകളുടെ ബില്‍റ്റ്-ഇന്‍ മൈക്രോഫോണുകളും മ്യൂട്ടാകും. ഐപാഡ് ലോഡാകുമ്പോള്‍ ഇനി ആപ്പിള്‍ ലോഗോ തിരശ്ചീനമായും കാണാനാകും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക