​ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 48-ാം പിറന്നാൾക്രിക്കറ്റ് ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ഇന്നു 48-ാം പിറന്നാള്‍. 16 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ക്രിക്കറ്റിലേക്ക് ചുടവുവച്ച സച്ചിൻ പിന്നീട് ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് ചരിത്രം. ബാറ്റ് കൊണ്ടു ക്രീസില്‍ കവിത രചിച്ച 24 വര്‍ഷങ്ങള്‍, കൊഴിഞ്ഞുവീണത് എണ്ണിയാല്‍ തീരാത്ത റെക്കോര്‍ഡുകള്‍. ഇന്ത്യയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകരുടെ മനം കവര്‍ന്നത് കളിക്കളത്തിലെ അസാധാരണ പ്രകടനം കൊണ്ടു മാത്രമായിരുന്നില്ല, പെരുമാറ്റത്തിലെ കുലീനത കൊണ്ടു കൂടിയായിരുന്നു. വിരമിച്ച ശേഷവും സച്ചിനെന്ന വിഗ്രഹം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇളകാതെ നില്‍ക്കുന്നതും അതു കൊണ്ടാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ റെക്കോർഡ് സച്ചിന്റെ പേരിലാണ് (51). 2010 ഡിസംബറില്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ 50ാം സെഞ്ച്വറി. സെഞ്ച്വറികള്‍ ഫിഫ്റ്റി തികച്ച ലോകത്തിലെ ആദ്യത്തെയും, ഏക താരവും സച്ചിന്‍ തന്നെ. ടെസ്റ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണ് സച്ചിന്‍ (15,921). വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ 11,953 റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്‍ തിരുത്തിയത് 2008ലായിരുന്നു. ടെസ്റ്റില്‍ അതിവേഗം 10,000 റണ്‍സെന്ന റെക്കോര്‍ഡ് ലാറയ്‌ക്കൊപ്പം പങ്കിടുകയാണ് സച്ചിന്‍. 195 ഇന്നിങ്‌സുകളിലാണ് ഇരുവരുടെയും നേട്ടം.
ടെസ്റ്റ് അംഗത്വമുള്ള എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ സെഞ്ച്വറി നേടിയ താരമാണ് സച്ചിന്‍.

കരിയറിലെ 169ാം ടെസ്റ്റിന് ഇറങ്ങിയതോടെ ഏറ്റവുമധികം ടെസ്റ്റുകള്‍ കളിച്ച താരമായി സച്ചിന്‍ മാറിയിരുന്നു. ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോയെയാണ് അദ്ദേഹം പിന്നിലാക്കിയത്.ടെസ്റ്റ് ക്രിക്കറ്റിലെയും ഏകദിനത്തിലെയും എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരന്‍ സച്ചിനാണ്. ടെസ്റ്റില്‍ 15,921 റണ്‍സും ഏകദിനത്തില്‍ 18,426 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലുമായി 30,00ത്തിലേറെ റണ്‍സെടുത്ത ലോകത്തിലെ ഏക താരം കൂടിയാണ് സച്ചിന്‍. ടെസ്റ്റിലും (51) ഏകദിനത്തിലും (49) ഏറ്റവുമധികം സെഞ്ച്വറികളടിച്ച താരം സച്ചിനാണ്. രണ്ടു ഫോര്‍മാറ്റുകളിലുമായി സെഞ്ച്വറികളില്‍ സെഞ്ച്വറിയും അദ്ദേഹം തികച്ചു. 2012ല്‍ ബംഗ്ലാദേശിനെതിരെ ഏഷ്യാ കപ്പിലായിരുന്നു സച്ചിന്റെ നൂറാം സെഞ്ച്വറി. ഏറ്റവുമധികം ടെസ്റ്റുകളും (200) ഏകദിനങ്ങളും (463) കളിച്ച താരമെന്ന റെക്കോര്‍ഡ് സച്ചിനു സ്വന്തമാണ്.

ഇന്ത്യക്കൊപ്പം ഏറ്റവുമധികം വിജയങ്ങളില്‍ പങ്കാളിയായ താരം സച്ചിനാണ്. ടെസ്റ്റില്‍ 72ഉം ഏകദിനത്തില്‍ 234ഉം ജയങ്ങളാണ് അദ്ദേഹം ടീമിനൊപ്പം ആഘോഷിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ തവണ 150 പ്ലസ് സ്‌കോര്‍ നേടിയ താരം സച്ചിനാണ്. 20 തവണയാണ് അദ്ദേഹം 150ന് മുകളില്‍ നേടിയിട്ടുള്ളത്. ഐസിസിയില്‍ അംഗങ്ങളായ മുഴുവന്‍ ടെസ്റ്റ് ടീമുകള്‍ക്കെതിരെയും സച്ചിന്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. ആറു തവണയാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000ത്തിലേറെ റണ്‍സ് സച്ചിന്‍ അടിച്ചെടുത്തിട്ടുള്ളത് (1997, 99, 2001, 02, 08, 10). 17 വയസ്സും 197 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത്. ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പ്രായ കുറഞ്ഞ ഇന്ത്യന്‍ താരം സച്ചിനാണ്. ടെസ്റ്റില്‍ സച്ചിനും ദ്രാവിഡും ചേര്‍ന്ന് 20 തവണയാണ് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. ഇത് ലോക റെക്കോര്‍ഡ് കൂടിയാണ്.ടെസ്റ്റിലെ 51 സെഞ്ച്വറികള്‍ സച്ചിന്‍ 22 എണ്ണം നാട്ടിലും 29 എണ്ണം വിദേശത്തും നേടിയതാണ്. വിദേശത്ത് 29 ടെസ്റ്റ് സെഞ്ച്വറികളെന്നത് ലോക റെക്കോര്‍ഡാണ്. ഇങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത റെക്കോർഡുമായി ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ ഒരേ ഒരു ഇതിഹാസമായി വഴുക്കയാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന ഈ പ്രതിഭ.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക