സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണം: ഗവര്‍ണറോട് തരൂര്‍
തിരുവനന്തപുരം: സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായി അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. വിഷയം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും തരൂര്‍ വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് തരൂര്‍ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. കോളേജുകള്‍ തുറന്ന് പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ്സ് നടത്തിയ ശേഷം കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ബി.എ.,ബി.എസ്.സി, ബികോം വിദ്യാര്‍ഥികള്‍ക്കാണ് പഠിപ്പ് തുടങ്ങിയപ്പോഴേ സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

അഞ്ചാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചത് മാര്‍ച്ച് പകുതിയോടെയാണ്.ബി.എസ്.സി മൈക്രോബയോളജി വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായത് മാര്‍ച്ച് 22-നാണ്. ഏപ്രില്‍ 15 മുതല്‍ 23 വരെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകള്‍ക്കിടയില്‍ ഒരു ദിവസത്തെ ഇടവേളയേയുള്ളൂ. ജനുവരിയില്‍ ആറാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി.തിരഞ്ഞെടുപ്പ് ക്ലാസുകള്‍, മൂല്യനിര്‍ണ്ണയം, വാക്‌സിനേഷന്‍ എന്നിങ്ങനെ അധ്യാപകര്‍ മറ്റ് തിരക്കുകളില്‍പ്പെട്ടു. രണ്ട്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളും ഇതിനിടയില്‍ വന്നു.

ഓണ്‍ലൈനായും ഓഫ് ലൈനായും കൂടി 10-15 ദിവസത്തെ ക്ലാസ്സുകളേ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളൂ.ഒരു ക്ലാസ് പോലും ലഭിച്ചിട്ടില്ലാത്ത വിഷയങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ പാഠഭാഗങ്ങള്‍ ആറാം സെമസ്റ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്. 90 ദിവസത്തെ ക്ലാസ് ലഭിച്ചാലേ പാഠഭാഗങ്ങള്‍ നന്നായി പഠിപ്പിക്കാന്‍ കഴിയൂ. 60-75 ദിവസത്തെ ക്ലാസ് സാധാരണയായി ലഭിക്കാറുണ്ട്. നാലിലൊന്ന് പാഠഭാഗങ്ങള്‍ പോലും പഠിപ്പിക്കാതെ പരീക്ഷ പ്രഖ്യാപിച്ചതില്‍ അധ്യാപകരും പ്രതിഷേധത്തിലാണ്.തിരഞ്ഞെടുപ്പായതിനാല്‍ സ്‌പെഷല്‍ ക്ലാസ് പോലും നടത്താനാവില്ലെന്ന് അധ്യാപകര്‍ പറയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക