ലാവ്‌ലിൻ കേസ്; ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴചത്തേക്ക് മാറ്റി


ന്യൂഡൽഹി: ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴചത്തേക്ക് മാറ്റി. ഇത് 27-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ഇനി മാറ്റാൻ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നൽകി. എതിര്‍ കക്ഷികളില്‍ ഒരാളായ എ. ഫ്രാന്‍സിസാണ് കേസ് മാറ്റണമെന്നാശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ.

കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഒരാളാണ് ഫ്രാന്‍സിസ്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാക്കിയുള്ളവര്‍ നല്‍കിയ ഹര്‍ജികളുമാണ് കോടതിക്ക് മുന്നിലുള്ളത്.

വിചാരണ കോടതിയും ഹൈക്കോടതിയും ഒരുപോലെ പ്രതികളെ ഒഴിവാക്കിയ കേസില്‍ ശക്തമായ വസ്തുതകളുണ്ടെങ്കിലെ അപ്പീല്‍ നിലനില്‍ക്കൂ എന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവർക്ക് പകരം ജസ്റ്റിസുമാരായ കെഎം ജോസഫ്, ഇന്ദിര ബാനർജി എന്നിവരെ ബഞ്ചിൽ പുതുതായി ഉൾപ്പെടുത്തിയിരുന്നു.

സിബിഐ ആവശ്യപ്രകാരം നേരത്തെ ഇരുപത്തിയാറ് തവണ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക