തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കോഴിക്കോട് സഹകരണ ഭവന് മുന്നില്‍ എൻജിഒ യൂണിയന്റെ പ്രതിഷേധപ്രകടനം


കോഴിക്കോട്: സി പി എം അനുകൂല സര്‍ക്കാര്‍ സര്‍വീസ് സംഘടനയായ എന്‍ ജി ഒ യൂണിയനിൽ തമ്മിലടി. തമ്മിലടിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കോഴിക്കോട് സഹകരണ ഭവന് മുന്നില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

നാദാപുരം റിട്ടേണിങ് ഓഫീസറായ കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിന് മുന്നിലാണ് ഇന്നലെ പ്രതിഷേധ പ്രകടനം നടന്നത്. കഴിഞ്ഞ ദിവസം എൻ ജി ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ഷൗക്കത്തും വി ബിനീഷ്‌ കുമാറും എന്‍ ജി ഒ യൂണിയന്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമായ സഹകരണ ഇന്‍സ്പെക്ടര്‍ അഭിലാഷിനെ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ എത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നും പരാതി ഉയര്‍ന്നിരുന്നു.

യൂണിയന്‍ നേതൃത്വത്തെ അഭിലാഷ് പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നേതൃത്വം ഇടപെട്ടിട്ടും അഭിലാഷ് പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് എന്‍ ജി ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി സമ്മര്‍ദ്ദം ചെലുത്തുന്നത്.
ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് നടത്തുന്ന കുരങ്ങന്മാര്‍; ലോക്ക്ഡൗണിലെ വിരസത മാറ്റാന്‍ ലണ്ടന്‍ മൃഗശാല കണ്ടെത്തിയ മാര്‍ഗം

സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നാദാപുരം നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസർ ആണ്. അതിനാൽ തപാല്‍ ബാലറ്റുകള്‍ തയ്യാറാക്കുന്നത് അടക്കമുള്ള തെരഞ്ഞെടുപ്പ് ജോലികളിലാണ് ഉദ്യോഗസ്ഥര്‍. നിലവില്‍ ഈ ഓഫീസിലുള്ള ജീവനക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജീവനക്കാരാണ്. ഇവര്‍ തെരഞ്ഞെടുപ്പ് ജോലിക്കിടെ പ്രതിഷേധ പ്രകടനത്തിനിറങ്ങുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. റിട്ടേണിങ് ഓഫീസിലുണ്ടായ കയ്യേറ്റവും അസഭ്യം വിളിയും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുമില്ല. സഹകരണ ഭവനിലെയും തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മറ്റ് സര്‍ക്കാര്‍ ഓഫീസിലെയും ജീവനക്കാരാണ് തെരഞ്ഞെടുപ്പ് ജോലി ബഹിഷ്‌ക്കരിച്ച് പ്രകടനത്തിനെത്തിയത്.

പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ടി സത്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത നേതാക്കളെ സംരക്ഷിക്കാന്‍ ജില്ലാ നേതൃത്വം പ്രതിഷേധ പ്രകടനം നടത്തിയതില്‍ സംഘടനക്കകത്തു തന്നെ ചേരിപ്പോരിന് ഇടയാക്കിയിട്ടുണ്ട്. ചാലിയം വനിതാ സഹകരണ സൊസൈറ്റി ജീവനക്കാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്നത് അടക്കം നിരവധി പരാതി ഉയര്‍ന്ന നേതാവിനെ സംരക്ഷിക്കാന്‍ നടത്തിയ പ്രതിഷേധം സി പി എം നേതൃത്വത്തിനും തലവേദനയാവുകയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക