നെഞ്ചിടിപ്പോടെ കേരളം; വോട്ടെണ്ണല്‍ ആരംഭിച്ചു: തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്


തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് അല്‍പസമയത്തിനകം വ്യക്തമാകും. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കേരളത്തെ കൂടാതെ തമിഴ്നാട്. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി ഇന്നാണ്.

സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളുമാണ് എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകളാണ് ഉപയോഗിക്കുന്നത്.

ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള്‍ 4,56,771 ആണ്. ഇന്ന് രാവിലെവരെ വോട്ടുരേഖപ്പെടുത്തിയ തപാല്‍ബാലറ്റുകള്‍ വരണാധികാരിക്ക് നല്‍കാമെന്നാണ് ചട്ടം. ഒരു ഇ.വി.എം. എണ്ണാന്‍ സാധാരണനിലയില്‍ പത്തുമുതല്‍ 15 മിനിറ്റും ഒരുതപാല്‍വോട്ടിന് 40 സെക്കന്‍ഡുമാണ് വേണ്ടത്.

വോട്ടെണ്ണലിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്കായി നിരത്തിലിറങ്ങിയാല്‍ പിടിവീഴും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നതിനാലുമാണിത്. പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആളുകൂടാന്‍ അനുവദിക്കുകയുമില്ല.

കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷയ്ക്കുണ്ട്. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ മുന്നോടിയായി ശനിയാഴ്ച വൈകീട്ടുമുതല്‍തന്നെ വിവിധയിടങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. എല്ലായിടത്തും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ക്രമസമാധാനപാലനത്തിനായി ഡിവൈ.എസ്.പി.മാര്‍മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരുണ്ടാകും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക